Saturday 11 July 2015

പാവയ്ക്ക പിട്ട്ല
ചോറിന് കറിയായി ഉപയോഗിക്കാവുന്ന ഒരു വിഭമാണിത്. ഈ വിഭവത്തില്‍ പുളിയും അരപ്പും ചേര്‍ക്കുന്നതിനാല്‍ പാവയ്ക്കയുടെ കയ്പ് രുചി ഒരു പരിധി വരെ അറിയാതെ പോകുന്നു.
ചേരുവകള്‍
പാവയ്ക്ക
പുളി
തേങ്ങ
തുവരപ്പരിപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
മഞ്ഞള്‍പ്പൊടി
കായപ്പൊടി
ഉഴുന്ന്പരിപ്പ്
കടുക്
വറ്റല്‍മുളക്
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് തുവരപ്പരിപ്പ് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുക്കറില്‍ വേവിക്കുക.
ഒരു പാവയ്ക്ക ചെറിയ കഷ്ണങ്ങളാക്കിയത് വേവിച്ചുവെച്ച പരിപ്പില്‍ ചേര്‍ക്കുക.
വാളന്‍പുളി അരഗ്ലാസ്സ് വെള്ളത്തില്‍ അലിയിച്ചതും, അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ് കായം എന്നിവ കൂടി ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിച്ച് വേവിക്കാന്‍ വെക്കുക.
കുക്കറില്‍ നിന്ന് ആവി വരാന്‍ തുടങ്ങിയതിനു ശേഷമേ വെയിറ്റ് വെക്കാന്‍ പാടുള്ളു. ഒരു വിസില്‍ വരുന്നതു വരെ വേവിച്ചാല്‍ മതി.
ഒരു ടീസ്പണ്‍ ഉഴുന്ന് പരിപ്പും കുറച്ച് വറ്റല്‍മുളകും എണ്ണയില്‍ വഴറ്റിയെടുക്കുക.
ഇതും അരംമുറി തേങ്ങയും കൂടി ചേര്‍ത്ത് മിക്സിയില്‍ നന്നായി അരയ്ക്കണം.
കുക്കറില്‍ നിന്നും ഒരു വിസില്‍ വന്നാല്‍ ഗ്യാസ് ഓഫ് ചെയ്യാം.
ശേഷം അരപ്പ് ചേര്‍ത്ത് ഒന്നുകൂടി ചൂടാക്കുക, അടച്ചുവെയ്ക്കേണ്ടതില്ല.
ആവശ്യം പോലെ വെള്ളം ചേര്‍ത്ത് വേണമെങ്കില്‍ കറിയുടെ കട്ടി കുറയ്ക്കാം.
ഒരു തണ്ട് കറിവേപ്പില കറിയില്‍ ചേര്‍ത്ത് തിളച്ചുവരുമ്പോള്‍ വറ്റല്‍മുളകും കടുകും കറിവേപ്പിലയും വെളിച്ചെണ്ണയില്‍ താളിച്ചത് കറിയില്‍ ചേര്‍ക്കുക.

No comments:

Post a Comment